കേരളം

പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : തിരുവനന്തപുരത്ത് നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചുതെങ്ങ് പൊലീസ് ആണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നവരായിരുന്നു പ്രതികൾ. ഇവർ പെൺകുട്ടിയുടെ അകന്ന ബന്ധുക്കളുമാണ്. കൊവിഡിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ സമയത്ത്, പ്രതികൾ പെൺകുട്ടിയെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ടെറസിലും, പ്രദേശത്തുള്ള ചെറിയ ടെന്റിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം പു‌റത്ത് വിട്ടിരുന്നില്ല. എന്നാൽ, കൊവിഡിന് ശേഷം പെൺകുട്ടി തിരികെ സ്കൂളിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന്, സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.