യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്
ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ പ്രതീക്ഷയുടെ മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കിയ ഒരു സഹോദരിയുടെ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്.
17 മണിക്കൂറോളമാണ് കുട്ടികള്‍ ഇത്തരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ നിന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന്റെ ആധികാരികത സംബന്ധിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7800ലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നിരുന്നു. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.