ഈരാറ്റുപേട്ട : അഹമ്മദ് കുരിക്കൾ നഗറിന് ഒറ്റ രാത്രികൊണ്ട് രൂപാന്തരീകരണം. ഞായരാഴ്ച നേരം വെളുത്തപ്പോൾ അഹമ്മദ് കുരിക്കൾ നഗറിലെ തകർന്നുകിടന്ന പഴയ കെട്ടിടാവശിഷ്ടങ്ങൾക്ക് പകരം മുസ്ലീം ലീഗ് നേതാവായിരുന്ന അഹമ്മദ് കുരിക്കളിന്റെ പേര് രേഖപ്പെടുത്തിയ പുതിയ സ്മാരകം ഉയർന്നു. മറ്റൊരിടത്ത് തയാറാക്കിയ സ്തൂപം നഗരമധ്യത്തിൽ എത്തിച്ച് കൂട്ടിച്ചേർക്കുകയായിരുന്നു.
നഗരസൗന്ദര്യവൽകരണത്തിന്റെ ഭാഗമായാണ് പുതിയ നിർമിത് സ്ഥാപിച്ചതെന്ന് ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ പറഞ്ഞു.ഈരാറ്റുപേട്ടയിലെ സമുന്നതനായ നേതാവിന്റെ പേരിലാണ് നഗരമധ്യത്തിലെ ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന പ്രസംഗപീഠം അറിയപ്പെട്ടിരുന്നത്.രാഷ്ടീയവൈരാഗ്യങ്ങളുടെ പേരിൽ തകർക്കപ്പെട്ട സ്ഥലത്ത് അദ്ദേഹത്തിന്റെ പേര് വരുംതലമുറകൾക്ക് വേണ്ടി കൂടി പുനസ്ഥാപിക്കുകയാണുണ്ടായതെന്നും ചെയർപേഴ്സൺ പറഞ്ഞു.
വഴിയോരകച്ചവടക്കാരും ഉന്തുവണ്ടികളും നിറഞ്ഞ മാർക്കറ്റ് റോഡിനോട് ചേർന്ന് കുരിക്കൾ നഗർ വർഷങ്ങളായി ആക്രിസാധനങ്ങളും തകർത്ത കെട്ടിടാവശിഷ്ടങ്ങളും പേറി കിടക്കുകയായിരുന്നു.നഗരത്തിലെത്തുന്നവരെ ഇത്തരം കാഴ്ചകൾ അലോസരപ്പെടുന്നത് ഒഴിവാക്കുന്നതിനൊപ്പം നഗരത്തിന്റെ നല്ല മുഖച്ഛായയും ലക്ഷ്യമിടുകയാണ് നഗരസഭ. 2020 മെയിൽ ചെയർമാനായിരുന്ന വിഎം സിറാജ് ക്ലോക്ക് ടവർ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും 10 ലക്ഷം രൂപ അനുവദിച്ച് ഡിപിസി അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറിൽ പുതിയ ഡിസൈൻ സമർപ്പിച്ച് അംഗീകാരവും നേടിയിരുന്നു. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.
2016 ഒക്ടോബർ നാലിനാണ് പ്രഥമചെയർമാനായിരുന്ന ടിഎം റഷീദിന്റെ കാലത്ത് രാത്രിയുടെ മറവിൽ പ്രസംഗപീഠം തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഹർത്താൽ നടത്തിയിരുന്നു. മുനിസിപ്പൽ ചെയർമാൻ ടി.എം. റഷീദിന്റെ അറിവോടുകൂടിയാണ് കുരിക്കൾ നഗർ തകർത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി കുരിക്കൾ നഗർ പുനർനിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാതിരിക്കാൻ വേണ്ടി രാത്രിയുടെ മറവിൽ യു.ഡി.എഫ് നേതാക്കളാണ് നഗർ തകർത്തതെന്ന് ചെയർമാൻ ടി.എം. റഷീദും ആരോപിച്ചിരുന്നു.അതേസമയം നിലവിലെ സൗന്ദര്യവല്കരണം അനാവശ്യമാണെന്ന് കൗൺസിലറും സിപിഎം ലോക്കൽ സെക്രട്ടറിയുമായ പിആർ ഫൈസൽ പറഞ്ഞു. തകർച്ചയിലായ ബസ് സ്റ്റാൻഡ് പൊളിച്ചുപണിയാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. തിരക്കേറിയ ജംഗ്ഷനിൽ വീതി കൂട്ടുന്നതിന് പകരം ഇനിയും പതിറ്റാണ്ടുകളോളം കുരുക്ക് മുറുകാനേ നിലവിലെ നിർമിതി ഉപകരിക്കൂ. ഭരണസമിതിയ്ക്ക് ആർജ്ജവമുണ്ടെങ്കിൽ ബസ് സ്റ്റാൻഡ് നിർമാണം വേഗത്തിൽപൂർത്തിയാക്കാനാണ്ശ്രമിക്കേണ്ടതെന്നും ഫൈസൽ പറഞ്ഞു.