കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ചികിത്സാപ്പിഴവ് സംഭവിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കട്ടപ്പന കളിയിക്കല്‍ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകള്‍ ഏകഅപര്‍ണികയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി. കാര്യമായ കുഴപ്പമില്ലെന്ന് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ മടക്കിയതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തി മരുന്നുകഴിച്ചിട്ടും അസുഖത്തിന് കുറവുണ്ടായില്ല. തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിച്ചശേഷം പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഒരുമണിക്ക് കുട്ടിക്ക് ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴുമണിയായിട്ടും ഡ്രിപ്പിന്റെ പാതിപോലും ശരീരത്തില്‍ കയറിയില്ല. ഇതേത്തുടര്‍ന്ന് നഴ്സിങ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളവരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും പറയുന്നു. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ ചൊവ്വാഴ്ച രാവിലെയോടെയാണ് കുട്ടിയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുട്ടിക്ക് ഹൃദയാഘാതമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യ വിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി സമ്മതിക്കുന്നതായി മാതാപിതാക്കള്‍ പറയുന്നു. നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കട്ടപ്പന പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.