ജനറൽ

തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…?; കോഴിക്കോട് മാളിൽ വെച്ച് ജനക്കൂട്ടത്തിനിടെയിൽ വെച്ച് യുവനടിക്ക് നേരെ അതിക്രമം

കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ജനക്കൂട്ടത്തിൽ നിന്നും ചിലർ അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

ഇതിന് പിന്നാലെ മറ്റൊരു നടിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. തന്നെ അതിക്രമിച്ചയാളെ നടി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു. 

യുവനടിയുടെ കുറിപ്പ് :

ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…?