പ്രവാസം

വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും; പുതിയ തീരുമാനവുമായി അധികൃതര്‍

കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 

കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സാങ്കേതിക, അനുബന്ധ തൊഴിലുകളില്‍ കുവൈത്ത് സൊസൈറ്റി ഫോര്‍ എഞ്ചിനീയേഴ്‍സുമായി സഹകരിച്ചായിരിക്കും പ്രവാസികള്‍ക്കുള്ള മുന്‍കൂര്‍ പരിശോധനയും പരീക്ഷയും നടപ്പാക്കുന്നത്. കുവൈത്തിലേക്ക് വരാനായി അപേക്ഷിക്കുന്ന പ്രവാസിക്ക് അയാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലിയില്‍ മതിയായ കഴിയും പ്രാഗത്ഭ്യവും ഉണ്ടെന്ന് ജോലി നല്‍കുന്നതിനും വിസ അനുവദിക്കുന്നതിനും മുമ്പ് തന്നെ ഉറപ്പുവരുത്തുകയായിരിക്കും ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ പുതിയതായി കുവൈത്തിലേക്ക് വരുന്നവര്‍ക്ക് മാത്രമായിരിക്കും ഇത്തരമൊരു പരിശോധന നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്‍തു. പിന്നീട് അടുത്ത ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുതന്നെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്കും ഇത് ബാധകമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ കുവൈത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടി കുവൈത്തില്‍ നിന്ന് നാടുകടത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തിയാണ് നാടുകടത്തുന്നത്.