ലോകം

ഗർഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചു: തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി സഞ്ചരിച്ചത് 2250 കിലോമീറ്റർ

ലൂസിയാന: ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസിനാണ് ജീവിക്കാൻ സാധ്യതയില്ലാത്ത ഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി ഏറെ കഷ്ടതകൾ അനുഭവിച്ച് 2250 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നത്.

ഗർഭത്തിന്റെ രണ്ടാം മാസം പിന്നിടുമ്പോഴാണ് അക്രാനിയ എന്ന രോഗാവസ്ഥ ഭ്രൂണത്തിനുള്ളതായി കണ്ടെത്തിയത്. ഗർഭപാത്രത്തിനുള്ളിൽ വച്ച് ഭ്രൂണത്തിന് തലയോട്ടി കൃത്യമായി രൂപപ്പെടാതിരിക്കുകയും അതുവഴി തലച്ചോറിന് നാശം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്രാനിയ. ഈ അവസ്ഥയിലുള്ള കുഞ്ഞ് ഗർഭകാലം പൂർത്തിയാക്കി ജനിക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കും എന്നാണ് ഫീറ്റൽ മെഡിസിൻ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.

അതേസമയം, ഗർഭച്ഛിദ്ര നിരോധന നിയമം മൂലം ലൂസിയാനയിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവിൽ ഗർഭച്ഛിദ്രത്തിന് നിയമാനുമതിയുള്ള മാൻഹട്ടനിലേക്ക് തലയോട്ടിയില്ലാത്ത കുഞ്ഞിനെയും ഗർഭത്തിൽ ചുമന്നുകൊണ്ട് 2250 കിലോമീറ്റർ സഞ്ചരിക്കേണ്ടതായും വന്നു. നിയമത്തിന് എതിരായി ഗർഭച്ഛിദ്രം നടത്തിയാൽ തങ്ങൾക്കെതിരെ ക്രിമിനൽകുറ്റം വരുമെന്ന ഭയം മൂലമാണ്, ലൂസിയാനയിലെ ഡോക്ടർമാർ ഗർഭച്ഛിദ്രം നടത്താൻ മടിച്ചത്.

തനിക്ക് ജീവനോടെ സ്വന്തമാക്കാൻ ആവില്ല എന്ന് അറിയുന്ന കുഞ്ഞിനെയും ഗർഭത്തിൽ വഹിച്ചുകൊണ്ട് കഴിയേണ്ടി വന്ന ആറാഴ്ചക്കാലം, ജീവിതത്തിൽ ഏറ്റവും അധികം മാനസിക ആഘാതങ്ങൾ അനുഭവിച്ച ദിനങ്ങളായിരുന്നുവെന്നാണ് ഗർഭച്ഛിദ്രത്തിനു ശേഷം നാൻസി വ്യക്തമാക്കിയത്. ശാരീരികവും മാനസികവുമായി താൻ അനുഭവിച്ച വിഷമതകൾ വിവരിക്കാനാവുന്നതിലും അപ്പുറമാണെന്നും ഗർഭച്ഛിദ്രം നടത്തുന്നതാണ് ഉചിതമെന്ന് അറിയാമായിരുന്നിട്ടും വൈകാരികമായി താൻ തകർന്നു പോയതായും നാൻസി കൂട്ടിച്ചേർത്തു.