കേരളം

'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു'; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹ‍ർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജ‍ഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം.

എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.