തിരുവനന്തപുരം: നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്.
ഒരുകാലത്ത് മുത്തശ്ശി വേഷങ്ങളിലേക്ക് സുബ്ബലക്ഷ്മിയല്ലാതെ മറ്റാരെയും സംവിധായകർ ചിന്തിച്ചിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.