ഇൻഡ്യ

അഫ്ഗാനിസ്ഥാൻ ഭൂകമ്പം; മരണം 2400 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 2400-ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടതായി താലിബാൻ ഭരണകൂടം. ശനിയാഴ്ച, പ്രാദേശിക സമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂകമ്പത്തിനു ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. വ്യാപക നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിൽ സംഭവിച്ചിരിക്കുന്നത്.

പടിഞ്ഞാറന്‍ അഫ്ഗാനിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഭൂകമ്പത്തിൽ ആറ് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജർമിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി 13 പേർ മരണപ്പെട്ടിരുന്നു.