കോട്ടയം: സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയം പാലാ മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
പാലാ പൈകയിലെ സ്വകാര്യ പന്നി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഫാമുകൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ മേഖല രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള 10 കിലോമീറ്റർ മേഖല രോഗബാധിത നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചതായും ഈ മേഖലകളിൽ പന്നി മാംസ വിതരണം നിരോധിച്ചും വിതരണം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്ക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സണായ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ച മേഖലയിൽ നിന്നും പന്നികളെയും പന്നി മാംസവും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതും മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലേയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമിലെ പന്നികളെയും കൊന്നു സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.