കേരളം

മഴയ്ക്ക് പിന്നാലെ കേരളം പനിച്ചൂടിലേക്ക്; മരണം 26

തിരുവനന്തപുരം: കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. മഴയ്ക്ക് പിന്നാലെ കേരളം പനിച്ച് വിറയ്ക്കുമ്പോൾ സാധാരണ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.കഴിഞ്ഞ ഒരാഴ്ചയിലെ കണക്കനുസരിച്ചു പ്രതിദിനം പതിനായിരത്തിലേറെപേരാണ് പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കകയാണെങ്കിൽ പനി ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടി വരെ ആയേക്കാം. അസുഖ ബാധിതർക്ക് പുറമെ പനിച്ചൂടിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണവും നമ്മെ ഞെട്ടിക്കുന്നവയാണ്.വിവിധ പനികള്‍ ബാധിച്ച് സംസ്ഥാനത്ത് 26 പേർ ഈ മാസം മരിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍. വെറും 18 ദിവസത്തിനിടെ 26 പേര്‍ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് പൊലിഞ്ഞത് 13 ജീവനുകളാണ്. എലിപ്പനി 10 പേരുടേയും മഞ്ഞപ്പിത്തം 2 പേരുടേയും സാധാരണ പനി ഒരാളുടെയും ജീവന്‍ കവര്‍ന്നു. ഈ കണക്കുകള്‍ക്കുപുറമേ എലിപ്പനി മൂലം ഇന്നലെ രണ്ടു മരണവും ഡെങ്കിപ്പനി മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ18 ദിവസത്തിനിടെ പനിബാധിച്ച് ചികില്‍സയ്ക്കെത്തിയത് 1, 48, 362 പേരാണ്. ഇന്നലത്തെ കണക്കുകള്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് പ്രസിദ്ധീകരിച്ചത്. ഇന്നലെ പത്തനംതിട്ടയില്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്ത എലിപ്പനി മരണങ്ങള്‍ കണക്കുകളില്ല. സ്ഥിരീകരണം വരാത്തതിനാലെന്നാണ് ഒദ്യോഗിക വിശദീകരണം. പകര്‍ച്ചപ്പനി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.