തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾകുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് മോട്ടോർ വാഹനവകുപ്പ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ വാഹനാപകടങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂണിൽ 3714 അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായതെങ്കിൽ എ.ഐ കാമറ പ്രവർത്തിച്ചു തുടങ്ങിയ 2023 ജൂണിൽ 1278 ആയി കുറഞ്ഞു. അപകട മരണങ്ങളിലും കുറവുണ്ട്.
2022 ജൂണിൽ 344 ആയിരുന്നത് ഈ ജൂണിൽ 140 ആണ്. പരിക്കേൽക്കുന്നവരുടെ എണ്ണം കഴിഞ്ഞ ജൂണിലെ 4172 നെ അപേക്ഷിച്ച് ഈ ജൂണിൽ 1468 ആയി കുറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.വിവിധയിടങ്ങളിൽ റോഡ് വീതി കൂട്ടിയതിനെ തുടർന്ന് 16 സ്ഥലങ്ങളിലെ എ.ഐ കാമറ മാറ്റേണ്ടി വന്നിട്ടുണ്ട്. ഇവ ജൂലൈ 31നുള്ളിൽ പുതിയ സ്ഥലം കണ്ടെത്തി സ്ഥാപിക്കും. എ.ഐ കാമറകൾ സംബന്ധിച്ച സമഗ്ര കരാറിന്റെ ജോലി ജൂലൈയിൽ പൂർത്തിയാകും. ജൂലൈ 12ന് കെൽട്രോൺ കരട് കരാർ ഗതാഗത വകുപ്പിന് കൈമാറും.