കോട്ടയം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്.നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ കഴിയുന്നില്ല എന്നാണ് വസ്തുതയെന്നും തുക ചിലവായിപ്പോയിട്ടുണ്ടെങ്കില്‍ ആ വിവരം കൗണ്‍സിലിനെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ ആണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ഇതിനെ പറ്റി ഉദ്യോഗസ്ഥ തലത്തിലോ ഓഡിറ്റ് തലത്തിലോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരമായി ഇതിനെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൃത്യമായി നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.കഴിഞ്ഞ വര്‍ഷം നഗരസഭയിലെ ജീവനക്കാരന്‍ രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഫണ്ടിനത്തില്‍ തട്ടിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആരോപണം.