കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മലയാളത്തില്‍ നിന്നെത്തിയ ജനപ്രിയ ചിത്രങ്ങളില്‍ ബാംഗ്ലൂര്‍ ഡെയ്‍സിനോളം ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങള്‍ കുറവായിരിക്കും. ഒടിടി കാലത്തിന് മുന്‍പെത്തിയ ചിത്രം കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രമാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ബോളിവുഡ് റീമേക്ക് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത് 2014ല്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ കൂടിയാണ്.
ദിവ്യ ഖോസ്‍ല കുമാറിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ചിത്രം യാരിയാന്‍റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ റീമേക്ക് ആയി വരാനിരിക്കുന്നത്. താരനിരയ്ക്കൊപ്പം സംവിധാനവും മറ്റൊരാളായിരിക്കും. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്‍ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്‍റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പെരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.