ജനറൽ

അനുപംഖേർ വീണ്ടും മലയാളത്തിൽ; ദിലീപിന്റെ പുതിയ ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ബോളിവുഡ് താരം അനുപം ഖേറും ദിലീപും ചേർന്ന് അഭിനയിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനുപം ഖേര്‍ മലയാള സിനിമയിലേയ്ക്ക് വീണ്ടും എത്തുന്നത്. ദിലീപിനെ നായകനാക്കി റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാലിനെ നായകനാക്കി 1990ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലൂടെയാണ് അനുപം ഖേര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോഷി സംവിധാനം ചെയ്ത പ്രജയിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘പ്രണയ’ത്തിലാണ് അനുപം ഖേര്‍ വീണ്ടും അഭിനയിച്ചത്. പ്രണയത്തില്‍ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

ദിലീപ്, അനുപം ഖേര്‍ എന്നിവര്‍ക്കൊപ്പം ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധാനത്തോടൊപ്പം റാഫി തന്നെയാണ് ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.