ജനറൽ

തരം​ഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'

വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രം പക്ഷേ തിയറ്ററുകളിൽ എത്തിയപ്പോൾ നിരാശപ്പെടുത്തി. എന്നാൽ ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ​ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ​ഗാനം. 

ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’​ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആ​ഗോളതലത്തിലുള്ള കണക്കാണിത്. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്. 

നടൻ ശിവകാര്‍ത്തികേയൻ ആണ് അറബിക് കുത്തിന്റെ വരികൾ എഴുതിയിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 13ന് റിലീസ് ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയത്.  വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രം കൂടിയായിരുന്നു ഇത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.