കേരളം

സാധാരണക്കാർ പട്ടിണിയിലേക്കോ ? അതിരുവിട്ട് അരിവില; പച്ചക്കറിയ്ക്കും പൊള്ളുന്ന വില

കോഴിക്കോട് തിരുവനന്തപുരം കൊച്ചി:* സംസ്ഥാനത്ത് അരിമുതൽ പച്ചക്കറികൾവരെ മുഴുവൻ അവശ്യവസ്തുക്കൾക്കും പൊള്ളുന്ന വില. വില അതിരുവിട്ടിട്ടും സർക്കാറിന് വിപണിയിൽ ഇടപെടാനായില്ല. രണ്ടാഴ്ചക്കിടയിൽ അരിക്ക് ക്വിന്റലിന് 300 മുതൽ 500 രൂപ വരെയാണ് മൊത്തവിലയിൽ വർധനയുണ്ടായത്.ചില്ലറവില കിലേക്ക് 10 മുതൽ 12 രൂപവരെ കൂടി. കുത്തക കമ്പനികൾ അവരുടെ ഔട്ട്‍ലറ്റുകൾ വഴി വിൽക്കാൻ അരിയും ഭക്ഷ്യവസ്തുക്കളും മൊത്തം ശേഖരിക്കുന്നതാണ് വില അനിയന്ത്രിതമായി വർധിക്കാൻ കാരണമായി പറയുന്നത്. കയറ്റുമതി വർധിച്ചതും മറ്റൊരു കാരണമാണ്.തിരുവനന്തപുരത്ത് ആഴ്ചകൾക്ക് മുമ്പ് 46 രൂപയായിരുന്ന ജയ അരിക്ക് ചില്ലറവിപണിയിൽ 58 രൂപയായി. 45 രൂപയായിരുന്ന ഒരു കിലോ മട്ടക്ക് (ലൂസ്) 59 രൂപയായി. പച്ചരിക്കും ഡൊപ്പിയരിക്കും രണ്ടു മുതൽ നാലു രൂപ വരെ കൂടി. വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.

ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് തൽക്കാലം ആശ്വാസമാകുന്നത്. കേരളത്തിന് ആവശ്യമുള്ളത്രയും അരി ലഭ്യമാക്കുമെന്ന് ആന്ധ്രസർക്കാർ ഉറപ്പുനൽകിയതായും ഇതിനായി ജയ അരി ഉൽപാദനം വര്‍ധിപ്പിക്കാന്‍ ആന്ധ്ര തീരുമാനിച്ചതായും മന്ത്രി അനിൽ അറിയിച്ചു.അരിയുടെ അളവ് സംബന്ധിച്ച് ചര്‍ച്ചക്ക് 27ന് ആന്ധ്ര സംഘം കേരളത്തിലെത്തും. 25ന് മുമ്പ് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിവരങ്ങള്‍ കേരളം ആന്ധ്രക്ക് കൈമാറും.

ഉള്ളിവിലയും റോക്കറ്റ് പോലെ കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു കിലോ ചെറിയ ഉള്ളിക്ക് കഴിഞ്ഞ ആഴ്ച പൊതുവിപണിയിൽ 60 രൂപയായിരുന്നത് തിങ്കളാഴ്ചയോടെ 110 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്ന സവാളക്ക് കിലോക്ക് അഞ്ചു മുതൽ 12 രൂപവരെയാണ് വർധിച്ചത്.

വിലവർധന ഉണ്ടെങ്കിലും ചില്ലറ വിപണിയെക്കാളും ആശ്വാസമാണ് ഹോർട്ടികോർപിൽ. ഉള്ളിക്ക് വില വർധിച്ചതോടെ ഹോട്ടലുകാർ ബിരിയാണിക്കും മുട്ട- ചിക്കൻ കറികൾക്കും വില കൂട്ടിത്തുടങ്ങി. ദീപാവലി സീസണും ജൂലൈയിൽ മഹാരാഷ്ട്രയിലുണ്ടായ പ്രളയവുമാണ് വിലവർധനക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ സവാളവില 100 കടന്ന ഘട്ടത്തിൽ ഈജിപ്ത്, യമൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് വില പിടിച്ചുകെട്ടിയത്. ഇത്തവണ അത്തരം ചർച്ച കൃഷിവകുപ്പ് ആരംഭിച്ചിട്ടുപോലുമില്ല. ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, തക്കാളി എന്നിവക്കും കിലോക്ക് അഞ്ചു മുതൽ 10 രൂപയുടെ വർധനയുണ്ട്.

കോഴിക്കോട് പാളയം മാർക്കറ്റിൽ വലിയുള്ളി മൊത്തവില 25.50 ആണ്. 18-20 രൂപയുണ്ടായിരുന്നതാണ് കൂടിയത്. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 30 ആയി. നേന്ത്രപ്പഴത്തിന് കിലോ 50 ആണ് മൊത്തവില. 20 മുതൽ 50 ശതമാനം വരെ വിലകൂട്ടിയാണ് ചില്ലറവ്യാപാരികൾ വിൽപന നടത്തുന്നത്.

അരിക്ക് പിന്നാലെ പലവ്യഞ്ജനമടക്കം മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുയരുന്നു. സോപ്പിനങ്ങൾക്കും വൻ വിലക്കയറ്റമാണ്. ഉപ്പ്, മുളക്, പയറിനങ്ങൾ എന്നിവക്കും വില വർധിച്ചതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായി.

ചെറുപയർ വില ജൂലൈയിൽ 98 ആയിരുന്നത് 109 ആയാണ് ഉയർന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന എല്ലാ സാധനങ്ങൾക്കും വില വർധിക്കുകയാണ്. വറ്റൽമുളക് വില കിലോക്ക് 320ലെത്തി. ഉപ്പിനുപോലും മൂന്നു മാസത്തിനിടെ കിലോ അഞ്ചുരൂപ കൂടി.

അലക്ക്, കുളി സോപ്പുകൾക്ക് 40 മുതൽ 100 ശതമാനം വരെ വിലവർധനയുണ്ടായി. അതേസമയം തേങ്ങ, വെളിച്ചെണ്ണ, പ്ലാസ്റ്റിക് എന്നിവയുടെ വില കുറഞ്ഞു. പാമോയിൽ വില 129ൽനിന്ന് 102 ആയി. വെളുത്തുള്ളി, ഉലുവ എന്നിവക്കും നേരിയ വിലക്കുറവുണ്ട്.  

👉🏻 *കോഴിക്കോട് വലിയങ്ങാടിയിലെ വില നിലവാരം*

▪︎ ആന്ധ്ര കുറുവ അരി

മൊത്ത വില 36-43 രൂപ.

▪︎വെള്ളക്കുറുവ 37-43

(പഴയ വില 35-40).

▪︎പൊന്നി 40 രൂപ (പഴയ വില 36).

▪︎ബോധന 33-50.

▪︎ജയ അരിക്കാണ് വൻ വിലക്കയറ്റം. 500 രൂപയാണ് ക്വിന്റലിന് വർധിച്ചത്. കിലോ 60 രൂപയാണ് മൊത്തവില.