പാലാ : വീണ്ടും വിദ്വേഷ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്നായിരുന്നു പി.സി. ജോർജിന്റെ പരാമർശം.
"മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങൾ. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല" എന്നായിരുന്നു പി.സി. ജോർജിന്റെ പ്രസംഗം.
ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം പെൺകുട്ടികൾ വഴിപിഴച്ച് പോകുന്നില്ല, അവരെ പതിനെട്ട് വയസ്സാകുമ്പോഴേക്കും കെട്ടിച്ച് വിടുകയാണെന്നും പി.സി. ജോർജ് പറഞ്ഞു.
ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കാനുള്ള സ്ഫോടക വസ്തുക്കളുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. അത് എവിടെ കത്തിക്കാനുള്ളതാണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്. ലവ് ജിഹാദ് വിവാദത്തിൽ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ വന്നില്ല -ജോർജ് പറഞ്ഞു.
ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന. നാർക്കോട്ടിക് ജിഹാദിനെതിരേയും ലവ് ജിഹാദിനെതിരേയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെ കൂട്ടണമെന്നും അല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും ജോർജ് പറഞ്ഞു.
മത വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയവേയാണ് പി.സി. ജോർജ് വീണ്ടും വിവാദ പരാമർശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഒരു ചാനലിൽ ചർച്ചക്കിടെ മതവിദ്വേഷം ഉയർത്തുന്ന പ്രസ്താവന നടത്തിയതിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്.