പാനൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്.
നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ 6.30 ഓടെ സംഘടിക്കണം എന്നായിരുന്നു ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്.
പാനൂരിലും പരിസരത്തുമുള്ള ദേശീയതയെ പുൽകുന്ന എല്ലാവരും ടൗണിൽ എത്തണമെന്നും ഇത് അഭിമാനപ്രശ്നമാണ് എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.