കോട്ടയം

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും 43 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ആണ് അരുവിക്കച്ചാൽ.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും വിനോദ സഞ്ചാരവകുപ്പിനെ കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഭരണാനുമതി ലഭ്യമായത്.

സുരക്ഷിതത്വത്തിനു വേലി, ഹാൻഡ് റെയിലുകൾ, വ്യൂ പോയിന്റ്, ശുചിത്വ സംവിധാനങ്ങൾ, വിനോദസഞ്ചാരികൾക്ക് ഇരിക്കുന്നതിനു ബെഞ്ചുകൾ, വെള്ളച്ചാട്ടത്തിലേക്കു എത്തുന്നതിനുള്ള വഴിയുടെ നവീകരണം ഇവ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാനും, അവർക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും കഴിയുമെന്നും എംഎൽഎ പറഞ്ഞു.

പരമാവധി വേഗത്തിൽ കരാർ ക്ഷണിച്ചു നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഇത് ഏറെ ആകർഷണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറും. മുൻപ് പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം അരുവിയിലും ഇപ്രകാരം തന്നെ 28 ലക്ഷം രൂപ അനുവദിപ്പിച്ച് വികസന പദ്ധതി നടപ്പാക്കിയിരുന്നു