നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. അസീസ് മിമിക്രി വേദികളിൽ മോശമായാണ് തന്നെ അനുകരിക്കുന്നത് എന്ന് നടൻ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസീസിന്റെ വെളിപ്പെടുത്തൽ. 'പഴഞ്ചൻ പ്രണയം' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്.
അശോകേട്ടന്റെ അഭിമുഖം കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്താണ് എനിക്ക് ആ വിഡിയോ അയച്ചു തന്നത്. നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതു കൊണ്ടാകാം അത് തുറന്നു പറഞ്ഞത്. പക്ഷേ ഞാനൊരു തീരുമാനമെടുത്തു, ഇനി അശോകേട്ടനെ അനുകരിക്കില്ല, നിർത്തി,' അസീസ് പറഞ്ഞു.
'അദ്ദേഹത്തിനെ പോലുള്ള താരങ്ങളെ ജനങ്ങൾ വീണ്ടും ഓർമിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരിലൂടെയാണ്. അത് കുറച്ച് ഓവറായി ചെയ്താൽ മാത്രമേ ഇത്തരം പെർഫോമൻസുകൾ സ്റ്റേജിൽ ശ്രദ്ധിക്കപ്പെടുകയുള്ളു. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ പ്രേക്ഷകർ ഇരിക്കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യേണ്ടതുണ്ട്. ടിവിയിൽ പക്ഷേ ഇത്ര വേണ്ട, സിനിമയിലാണെങ്കിൽ ഒട്ടും വേണ്ട,' അസീസ് നെടുമങ്ങാട് കൂട്ടിച്ചേർത്തു.