കേരളം

അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തില്‍ തുടരവെ, സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ഒന്ന്, നാല്, 13,14 പ്രതികള്‍ ഒഴികെയുള്ളവരുടെ ജാമ്യമാണ് റദ്ദാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച 12 പ്രതികളുടെയും ജാമ്യാപേക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ഇത് അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനുള്ള രേഖകള്‍ വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി ജാമ്യം റദ്ദാക്കാന്‍ തീരുമാനിച്ചത്.

കേസിന്റെ വിചാരണയ്ക്കിടെ 13 സാക്ഷികളായിരുന്നു കൂറ് മാറിയത്. പ്രതികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് ഇതെന്ന് വ്യക്തമായതോടെ പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ സാക്ഷികളെ സ്വാധീനിച്ചത്. നേരിട്ടും, ഇടനിലക്കാര്‍ മുഖേനയുമായിരുന്നു ഇവരുടെ നീക്കങ്ങള്‍. സാക്ഷികളെ 63 തവണ ഒരു പ്രതി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു.