മഹാരാഷ്‌ട്ര: താനെ ജില്ലയിൽ 1.6 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ.ഇരുപത്തിയെട്ടുകാരനായ നന്ദു കിസൻദേവ് റായ് , ഇരുപത്തിയാറുകാരനായ അർജുൻ ഹരിശ്ചന്ദ്ര നിർമൽ എന്നിവരാണ് പിടിയിലായത്.
മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഡോംബിവിലിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 0.750 ഗ്രാം ഭാരമുള്ള ആംബർഗ്രിസ് (തിമിംഗല ഛർദ്ദി ) പിടിച്ചെടുത്തു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രദേശത്തെ ഒരു ഹോട്ടലിന് സമീപം പോലീസ് കെണി വയ്‌ക്കുകയായിരുന്നു. തുടർന്ന് തിമിംഗല ഛർദ്ദി അടങ്ങിയ ബാഗുമായി എത്തിയ പ്രതികളെ പോലീസ് പിടികൂടി.പ്രതികൾ നിരോധിത ചരക്ക് കടത്തുന്ന സംഘത്തിലെ ഒരാളുടെ പേര് കൂടി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുവർക്കുമെതിരെ വന്യജീവി സംരക്ഷണം നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.