ജനറൽ

ധൈര്യമായിരിക്ക്; ഞാന്‍ നോക്കിക്കോളാം’; മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍എ. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും എന്ത് ആവശ്യത്തിനും താനുണ്ടെന്നും ഗണേഷ് കുമാര്‍ എം.എല്‍എ പറഞ്ഞു. മഹേഷിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രതികരണം

മഹേഷിന്റെ കാര്യം ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് ബുദ്ധിമുട്ടേണ്ട. അതെല്ലാം താന്‍ നോക്കിക്കൊള്ളാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ഗുരുതര പരുക്കേറ്റത്. നടന്‍ കൊല്ലം സുധി അപകടത്തില്‍ മരിച്ചിരുന്നു. നടന്മാരായ ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴും താന്‍ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകള്‍. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഗണേഷ് എറണാകുളത്തെത്തി മഹേഷിനെ നേരില്‍ കണ്ട് എല്ലാ സഹായവും ഉറപ്പുനല്‍കുകയായിരുന്നു.