ലോകം

നൈജീരിയയിൽ വൻ ദുരന്തം: ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു

നൈജീരിയയിൽ ബോട്ടപകടത്തിൽ 76 പേർ മരിച്ചു. അനമ്പ്ര സംസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 85 പേരുമായി പോയ ബോട്ട് മറിയുകയായിരുന്നു. 9 പേർക്കായി തെരച്ചിൽ തുടരുന്നു. ബോട്ടപകടത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി.

“സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയതായി എമർജൻസി ബോഡി സ്ഥിരീകരിച്ചു” നൈജീരിയൻ പ്രസിഡൻസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് നൈജീരിയൻ ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി, നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി എന്നിവ രക്ഷാപ്രവർത്തനം നടത്തുകയാണ്.

ബോട്ട് അപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് ബുഹാരി, കാണാതായ യാത്രക്കാരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഈ ഫെറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പരിശോധിക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് അദ്ദേഹം നിർദ്ദേശിച്ചു.