ജനറൽ

തമിഴില്‍ ബിഗ് ബോസ് 6 തുടങ്ങുന്നു; ആശങ്കള്‍ ഇല്ലാതാക്കി വരവറിയിച്ച് ഉലകനായകൻ

രാജ്യത്തെ ടെലിവിഷൻ ഷോകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ് ബിഗ് ബോസ്. തമിഴകത്ത് ബിഗ് ബോസ് പ്രേക്ഷകപ്രീതി നേടാനുള്ള കാരണങ്ങളില്‍ ഒന്ന് ഉലഗനായകൻ കമല്‍ഹാസൻ ആണ് അവതാരകൻ എന്നതാണ്. ഇത്തവണ കമല്‍ഹാസന് പകരം മറ്റാരെങ്കിലും ബിഗ് ബോസ് അവതരിപ്പിക്കാൻ എത്തിയേക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആശങ്കളെല്ലാം ഇല്ലാതാക്കി കമല്‍ഹാസൻ തന്നെ പ്രത്യക്ഷപ്പെടുന്ന ബിഗ് ബോസ് പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ബിഗ് ബോസ് തമിഴ് സീസണ്‍ ആറ് വിജയ് ടെലിവിഷനില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ സംപ്രേഷണം ചെയ്യും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും ഷോ സ്‍ട്രീം ചെയ്യും. സ്റ്റൈലിഷ് ലുക്കിലാണ് കമല്‍ഹാസൻ ബിഗ് ബോസ് പ്രൊമോയിലുള്ളത് എസ് ഷങ്കറിന്റെ 'ഇന്ത്യൻ 2' എന്ന ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് കമല്‍ഹാസൻ ബിഗ് ബോസിനായും സമയം കണ്ടെത്തുക.

തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ് ഇത്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍. തടസ്സങ്ങളെല്ലാം നീക്കി 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം പുനരാരംഭിക്കുകയും അടുത്തിടെ കമല്‍ഹാസൻ ജോയിൻ ചെയ്യുകയും ചെയ്‍തത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 'ഇന്ത്യൻ 2'വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.