കോട്ടയം

പൊൻകുന്നത്ത്* *ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ,ഒരാഴ്ചക്കിടെ ഇതേ സ്ഥലത്ത് രണ്ട് മരണങ്ങൾ

പൊൻകുന്നം: ദേശീയപാത 183-ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ കാറിടിച്ച് പരിക്കേറ്റ വരമ്പനാനിക്കൽ അമ്പിളി രാഘവൻ(42) തിങ്കളാഴ്ച മരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 4.30-നായിരുന്നു അമീറിന്റെ മരണത്തിനിടയാക്കിയ അപകടം. അട്ടിക്കൽ-പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് ബൈക്ക് പ്രവേശിക്കുമ്പോൾ ബസിലിടിച്ച് അതിനടിയിലേക്ക് പെട്ടപ്പോൾ റോഡിലേക്ക് തെറിച്ച് വീണ് അമീറിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കോട്ടയം-കട്ടപ്പന റൂട്ടിലോടുന്ന സി.എം.എസ്.ബസുമായാണ് ഇടിച്ചത്. ബസിനടിയിൽപ്പെട്ട ബൈക്ക് ഏതാനും മീറ്റർ നിരങ്ങി നീങ്ങിയാണ് നിന്നത്. നിഷാമോളാണ് അമീറിന്റെ അമ്മ. ആറാംക്ലാസ് വിദ്യാർഥിനിയായ നാഷിദ നാസർ സഹോദരിയാണ്. കബറടക്കം ബുധനാഴ്ച പൊൻകുന്നം മുഹിയിദീൻ ജുമാമസ്ജിദിൽ.