ജനറൽ

വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ..!

റേഷൻകടയിലെ അരിയെ എല്ലാവർക്കും പുച്ഛമാണ്. എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി. വില കൂടിയ കൈമ അരിയും ബസ്മതി അറിയുമൊന്നുമില്ലാത്തപ്പോൾ ഒരു ബിരിയാണി കഴിക്കണമെന്ന് തോന്നിയാൽ ഈ റേഷൻ കടയിലെ പച്ചരിയെ ആശ്രയിക്കാവുന്നതാണ്. ഈ ലോ കോസ്റ്റ് ബിരിയാണി വയ്ക്കുന്നതെങ്ങനെ എന്ന് നോക്കാം..

ആവശ്യത്തിന് പച്ചരി എടുത്ത് കഴുകി വൃത്തിയാക്കുക കുക്കര്‍ അടുപ്പത്ത് വച്ച്, 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിക്കുക. ഇതിലേക്ക് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം മുതലായവ ആവശ്യത്തിന് ഇട്ടു വഴറ്റുക. ഉള്ളി നൈസായി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് ഒരു തക്കാളി, പച്ചമുളക് എന്നിവ കൂടി ചേര്‍ക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കറിവേപ്പില മല്ലിയില, പുതിന എന്നിവയും ആവശ്യത്തിന് ചേര്‍ക്കുക. നന്നായി ഇളക്കുക. നേരത്തെ കഴുകി വെള്ളം വാര്‍ത്തു വെച്ച അരി ഇതിലേക്ക് ഇടുക. അരിയും മസാലയും കൂടി നന്നായി ഇളക്കുക. ഇതിലേക്ക് അരിയുടെ ഇരട്ടി അളവില്‍ വെള്ളം ഒഴിക്കുക. കുറച്ചു നാരങ്ങാനീരും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക കുക്കറിന്‍റെ അടപ്പ് വച്ച് ഒരു വിസില്‍ അടിച്ചാല്‍ ഓഫാക്കുക. രുചിയേറിയ ബിരിയാണി തയ്യാർ.