ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി തെളിഞ്ഞ ആകാശത്തേയ്ക്ക് നോക്കിയാല്‍ വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ സാധിക്കുന്ന ചാന്ദ്രവിസ്മയം നേരില്‍ കാണാം. സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച ഇന്ത്യന്‍ സമയം 11:56 ന് ആകാശത്ത് ദൃശ്യമാകും. സൂപ്പര്‍മൂണ്‍ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാന്‍ കഴിയും.
ഭൂമിയുടെ ഭ്രമണ പഥത്തോട് ചന്ദ്രന്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന സമയത്തെ പൂര്‍ണചന്ദ്രനാണ് സൂപ്പര്‍മൂണെന്ന് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രന്മാരില്‍ ഒന്നാണ് ഇത്തവണത്തെ സൂപ്പര്‍മൂണ്‍. നാല് പൂര്‍ണചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. രണ്ട് പൗര്‍ണമികളുള്ള മാസത്തിലെ രണ്ടാം പൗര്‍ണമിയെയും ബ്ലൂ മൂണ്‍ എന്ന് വിളിക്കാറുണ്ട്. ബ്ലൂ മൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറം ഉണ്ടാകില്ലെന്ന് ഓര്‍ക്കണം.സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനും ഭൂമിയുടെ അടുത്തു നില്‍ക്കെ ദൃശ്യമാകുന്ന പൂര്‍ണചന്ദ്രനും ആയതുകൊണ്ടാണ് ഇത്തവണത്തെ പ്രതിഭാസത്തെ 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണെ'ന്ന് വിളിക്കുന്നത്. സ്റ്റര്‍ജന്‍ മൂണെന്നും ഇതിനെ വിളിക്കും.