ഇന്നത്തെ കാലത്ത് ഒരുസിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തീരുമാനിക്കും സിനിമയുടെ ഭാവി. അത്തരത്തിൽ റിലീസ് ദിനം മുതൽ ഇതുവരെയും മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് എന്ന നവാഗത സംവിധായകന്റെ കരവിരുതിൽ ഉരിത്തിരിഞ്ഞ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ പ്രേക്ഷകർ അത് ആഘോഷമാക്കി. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ.
സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം 50കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു.
ആദ്യദിനത്തെക്കാൾ ഇരട്ടിയാണ് പത്താം ദിനം കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ കേരളത്തിൽ നിന്നും ആകെ 27.42 കോടി ചിത്രം നേടി കഴിഞ്ഞു. ആഗോളതലത്തിൽ 60 കോടി അടുപ്പിച്ച് ചിത്രം നേടി എന്നും ട്രാക്കർന്മാർ പറയുന്നു. ഇനി വരുന്ന മൂന്ന് ദിവസത്തിൽ ചിത്രം കേരളത്തിൽ 30 കോടി കടക്കുമെന്നും വിലയിരുത്തലുണ്ട്.