തിരുവനന്തപുരം: ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ നേടാൻ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇതു തിരികെ സമർപ്പിക്കാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ നിരവധി പേർ റേഷൻ കാർഡുകൾ തിരികെ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും നിരവധി പേർ അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തൽ.
ഇവരെ കണ്ടെത്തുന്നതിനാണ് നേരിട്ട് വീടുകളിൽ പരിശോധന നടത്താൻ തീരുമാനം. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് പരിശോധന. വീടിന്റെ വിസ്തീർണ്ണം, നാല് ചക്ര വാഹനമുണ്ടോ, വീട് വാടകയ്ക്ക് നൽകിയിട്ടുള്ളവരാണോ തുടങ്ങഇയവയാണ് പരിശോധിക്കുന്നത്. സാമ്പത്തിക സ്ഥിതിയിൽ മുന്നിട്ട് നിൽക്കുന്നവരാണെന്ന് കണ്ടെത്തിയാൽ കാർഡുകൾ പിടിച്ചെടുക്കും. പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജോലി സംവരണം ഉൾപ്പെടെയുള്ളവയ്ക്കായി ബി.പി.എൽ കാർഡുകൾ അനർഹർ ഉപയോഗിക്കുന്നുവെന്നും സർക്കാർ കണ്ടെത്തി.
കാർഡുകൾ പിടിച്ചെടുത്തശേഷം പൊതുവിഭാഗത്തിലേക്ക് മാറ്റാനാണ് തീരുമാനം. പിടിച്ചെടുത്ത കാർഡുകൾ അർഹരായവർക്ക് വിതരണം ചെയ്യും. ബി.പി.എൽ കാർഡുകൾക്കായി ഓൺലൈനായി പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.