ജനറൽ

ഒരായിരം ചിരി ഓർമ്മകൾ സമ്മാനിച്ച് കണ്ണീരിലാഴ്‌ത്തി മടക്കം; മലയാളത്തിന്റെ ചിരി തമിഴിനും ഹിന്ദിക്കുമായി പങ്കുവച്ച സൂപ്പർ ഹിറ്റുകളുടെ ചലച്ചിത്രകാരൻ; സംവിധായകൻ സിദ്ദീഖിന് വിടനൽകാൻ

കൊച്ചി: സംവിധായകനും നടനുമായ സിദ്ദിഖിന് വിട. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിദ്ദിഖിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

സിദ്ദിഖ് കഴിഞ്ഞ ദിവസം മുതൽ എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. 

നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് - ലാൽ കോമ്പോ മോഹൻലാൽ ചിത്രമായ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകർ എന്ന നിലയിൽ ആദ്യ ചിത്രം 'റാംജി റാവു സ്പീക്കിങ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

അന്നോളമുള്ള കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടർച്ചയായി ഹിറ്റുകളിൽ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ 'ഹിറ്റ്‌ലെർ' ആയിരുന്നു. ചിത്രത്തിന്റെ നിർമ്മാണത്തിൽ ലാലും പങ്കാളിയായി.

തന്റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തിൽ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്‌കരിച്ചു. മറുനാട്ടിലെ താരങ്ങൾ സിദ്ദിഖിന്റെ കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിച്ചു. സൽമാൻഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി.

ജയറാമും മുകേഷു ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്‌സ്. സിനിമ തമിഴിലെത്തിയപ്പോൾ താരങ്ങൾ മാറി. വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയിൽ ഹിറ്റ് തീർത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003 ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലർ പുറത്തിറങ്ങിയത്. തൊട്ടടുത്ത വർഷം തമിഴിലെത്തിയപ്പോൾ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭൂദേവയയും ഫ്രെയിമിലെത്തി. 'ഫുക്രി', 'ബിഗ് ബ്രദർ' എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സിദ്ദിഖ് നടനായും എത്തിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു. സൂപ്പർ ഹിറ്റായ ബോർഡി ഗാർഡ് തമിഴിൽ കാവലനായി, വിജയും അസിനും തമിഴിൽ തകർത്താടി. തമിഴിൽ ഒതുങ്ങിയില്ല സിദ്ദിഖിന്റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്റെ സംവിധാനത്തിൽ ബോഡിഗാർഡ് ബോളീവുഡിലുമെത്തി. വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങൾക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേർത്തുമായിരുന്ന സിദ്ദിഖിന്റെ പരീക്ഷണങ്ങൾ.
➖➖➖➖➖➖