തിരുവനന്തപുരം: കേരളത്തിൽ വരുന്ന ദിവസങ്ങളിലും മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലുള്ള അതി തീവ്ര ന്യൂന മർദ്ദം 30ന് രാവിലെയോടെ വടക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷണം.
ചുഴലിക്കാറ്റായി മാറിയാൽ പാകിസ്ഥാൻ നിർദ്ദേശിച്ച അസ്ന ( Asna) എന്ന പേരിലറിയപ്പെടും. മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ വരും മണിക്കൂറിൽ നിലവിലെ ചക്രവാതചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും വടക്കൻ ആന്ധ്രാ പ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തിൽ ന്യൂന മർദ്ദത്തിന്റെ ശക്തിക്കും സഞ്ചാര പാതക്ക് അനുസരിച്ച് എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ ഇടത്തരം/ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത.