തൊടുപുഴ: സുഹൃത്തായ അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചീന്തലാർ കണ്ണയ്ക്കൽ റെജിയെ ആണ് പത്തുവർഷം കഠിന തടവിനും 20,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത്. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൽ. ഹരികുമാറാണ് ശിക്ഷ വിധിച്ചത്.
2008 മേയ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം. പരസ്ത്രീബന്ധം ആരോപിച്ച് അയൽവാസിയായ ചീന്തലാർ പുതുവയൽ തെക്കേപറമ്പിൽ റോയിച്ചനെ (35) പ്രതി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോയിച്ചനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിക്കുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
പീരുമേട് സർക്കിൾ ഇൻസ്പെക്ടറായ ആർ. ജയശങ്കർ, ഉപ്പുതറ സബ് ഇൻസ്പെക്ടർ രാജപ്പൻ റാവുത്തർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.