ഇൻഡ്യ

റോഹിങ്ക്യൻ മുസ്ലീങ്ങളെ ഡൽഹിയിൽ പാർപ്പിക്കാൻ കേന്ദ്രസർക്കാർ ‘രഹസ്യമായി’ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി മനീഷ് സിസോദിയ

ഡൽഹി: റോഹിങ്ക്യൻ മുസ്ലീങ്ങളെ പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്.

റോഹിങ്ക്യൻ മുസ്ലീങ്ങളെ ഇ.ഡബ്ല്യു.എസ് ഫ്ലാറ്റുകളിലേക്ക് മാറ്റാനുള്ള തീരുമാനം ആരുടെ നിർദ്ദേശ പ്രകാരമാണെന്ന് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മനീഷ് സിസോദിയ കത്തെഴുതി. രാജ്യതലസ്ഥാനത്തെ റോഹിങ്ക്യൻ അഭയാർത്ഥികളെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഫ്ലാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

എന്നാൽ, മണിക്കൂറുകൾക്ക് ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്ത  നിഷേധിച്ചു. എന്നാൽ, ദേശീയ തലസ്ഥാനത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സ്ഥിരതാമസം നൽകാൻ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രം ‘രഹസ്യമായി’ ശ്രമിക്കുകയാണെന്ന് മനീഷ് സിസോദിയ ആരോപിച്ചു.