ഇൻഡ്യ

ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലധികം മരണം; നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു

ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര്‍ മരിച്ചു. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു ഭൂചലനം. ഭൂകമ്പത്തില്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ നിരവധി വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.