പ്രാദേശികം

"ക്ലീൻ ഹോം ക്ലീൻ സിറ്റി"; മാലിന്യ പരിപാലനത്തിൽ സ്മാർട്ട് ആകാൻ നഗരസഭയിൽ സർവ്വേ ആരംഭിച്ചു

ഈരാറ്റുപേട്ട: "ക്ലീൻ ഹോം ക്ലീൻ സിറ്റി" എന്ന സമഗ്ര മാലിന്യ പരിപാലന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഇനി സ്മാർട്ട് ആകും.  ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കെൽട്രോൺ, തുടങ്ങിയവരുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയിൽ കോട്ടയം ജില്ലയിലെ ആദ്യ നഗരസഭയായി ഈരാറ്റുപേട്ട മാറും.

നഗരസഭയിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിൻ്റെ സർവ്വേ പ്രവർത്തനങ്ങൾ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.പദ്ധതിയുടെ ഭാഗമായി  നഗരസഭയിലെ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ സഹായത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയും.

ഇനിമുതൽ ഹരിത കർമ്മ സേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാകും.
പദ്ധതിയുടെ ഭാഗമായ സർവ്വേ , ക്യു ആർ കോഡ് പതിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ  സെൻറ് ജോർജ് , എം.ഇ .എസ് കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കർമ സേനകളുടെ യും സഹായത്തോടെയാണ് തുടക്കം കുറിച്ചിരിക്കുന്നു.

30 ടീമായി തിരിച്ചാണ് സർവ്വേ നടക്കുന്നത് ഒരു വാർഡിൽ 5 പേരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം കൊടുക്കുന്നത്.  പരിശീനം ലഭിച്ച 100 വാളഡിയർമാരുടെ സേവനം  എന്‍ട്രോള്‍മെന്‍റിനായി വാര്‍ഡുകളില്‍ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 ഓടു കൂടി  നഗരസഭയിലെ എല്ലാ വീടുകളിലും ഗാർബേജ് ആപ്പിന്റെ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി എ നാസർ അറിയിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ. സഹല ഫിർദൗസ് പ്രവർത്തനങ്ങൾ കോ-ഓഡിനേറ്റ് ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെറാൾഡ് , സോണി മോൾ ,വി എം നൗഷാദ്. കെൽട്രോൺ പ്രതിനിധികളായ ബിബിൻ, നിജി ജയിംസ്, ശ്രീകുമാർ  ഹരിത കേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ, അലീന വർഗീസ്, ശരത് ചന്ദ്രൻ, കൗൺസിലർ നാസർ വെള്ളൂപറമ്പിൽ എന്നിവർ പങ്കെടുത്തു.