തിരുവനന്തപുരം: അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കാന്‍സറിനെതിരായ മരുന്നുകള്‍ ഉള്‍പ്പടെ 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയപ്പോള്‍ 26 മരുന്നുകളെ ഒഴിവാക്കി. ഇതോടെ അവശ്യമരുന്നുകളുടെ വിലകുറയും.
പ്രോസ്റ്റേറ്റ് കാന്‍സര്‍, രക്താര്‍ബുദം, പാന്‍ക്രിയാസ് കാന്‍സര്‍, എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നാല് മരുന്നുകളാണ് ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവയുടെ വില കുറയും. പുതുക്കിയ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രകാശനം ചെയ്തു.
പരിഷ്‌ക്കരിച്ച അവശ്യ മരുന്നുകളുടെ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയത്. പുതിയതായി 34 മരുന്നുകള്‍ പട്ടികയില്‍ ചേര്‍ത്തപ്പോള്‍ 26 എണ്ണം പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ക്ഷയ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടി പേറ്റന്റ് ലഭിച്ച മരുന്നുകളും പ്രമേഹത്തിനുള്ള മരുന്നുകളും പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില നിയന്ത്രിക്കപ്പെടുന്നതിനൊപ്പം ഗുണനിലവാരവും ഉറപ്പാക്കപ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
2015 ലാണ് അവസാനമായി അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ഐസിഎംആറും അവശ്യ മരുന്നുകളുടെ കമ്മിറ്റിയും ചേര്‍ന്നാണ് പുതിയ പട്ടിക പരിഷ്‌കരിച്ച് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.