കേരളത്തിലടക്കം സ്ഥിരീകരിച്ച ജെഎൻ.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം പൊതുജനാരോഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
പുതിയ വകഭേദം തീവ്രമാകുന്നതിൽ നിന്നും മരണനിരക്ക് കൂടാതിരിക്കാനുമുള്ള സംരക്ഷണം നൽകാൻ നിലവിലുള്ള വാക്സിന് പ്രാപ്തിയുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.
ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ലക്സംബർഗിൽ ആദ്യമായി കണ്ടെത്തിയ ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്.
രോഗനിരക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന്(ബുധനാഴ്ച) അടിയന്തരയോഗം ചേരുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർയോഗത്തിൽ പങ്കെടുക്കും.
എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ?തീരെ ചെറിയ ലക്ഷണങ്ങളിൽ ത്തുടങ്ങി മിതമായ രീതിയിലുള്ളവ വരേയാണ് ജെഎൻ.വൺ വകഭേദത്തിൽ പ്രത്യക്ഷമാകുന്നതെന്ന്
ലോകാ രോഗ്യസംഘടന പറയുന്നു.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരോഗികളിൽ വളരെ ലളിതമായ ശ്വസനേന്ദ്രിയ
രോഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുമുണ്ട്.
ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വിശപ്പില്ലായ്മ, തുടർച്ചയായ മനംപുരട്ടൽ തുടങ്ങിയവ അതിൽ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാൾ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികൾ ചെയ്യുമ്പോൾപോലും അനുഭവപ്പെടുന്ന തളർച്ചയും കാണാമെന്നും പറയുന്നു.
ചില പ്രത്യേകസാഹചര്യങ്ങളിൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛർദി, ഓക്കാനം തുടങ്ങിയവ ഇവരിൽ പ്രകടമാകും.
മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യും വ്യക്തമാക്കുന്നത്. അവധിക്കാലവും കോവിഡ് വാക്സിനെടുക്കുന്നതിന്റെ നിരക്ക് കുറഞ്ഞതുമൊക്കെയാണ് രോഗികൾ കൂടുന്നതിന് പിന്നിലെന്നും സി.ഡി.സി കരുതുന്നു.