ഇൻഡ്യ

രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ രണ്ടായിരത്തിൽ താഴെ കേസുകൾ

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,968 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സജീവമായ കേസുകളും തുടർച്ചയായി കുറഞ്ഞുവരികയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,481 പേർ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. സജീവ കേസുകൾ ഇപ്പോൾ 34,598 ആയി കുറഞ്ഞു. നേരത്തെ ഇത് 36,126 ആയിരുന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു.

രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 45 ലക്ഷത്തി 99,466 ആയി ഉയർന്നു. 4 കോടി 40 ലക്ഷത്തി 36,152 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുകൂടാതെ 5 ലക്ഷത്തി 28,716 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് 218.80 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ആദ്യ ഡോസ് 102.64 കോടി ആളുകൾക്ക് നൽകി. 94.86 കോടിയിലധികം രണ്ടാം ഡോസുകൾ നൽകിയിട്ടുണ്ട്.

അതേസമയം, 21.29 ൽ അധികം ആളുകൾ ഇതിനകം മുൻകരുതൽ ഡോസ് എടുത്തിട്ടുണ്ട്. കോവിൻ ആപ്പ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 ലക്ഷത്തി 44,525 പേർക്കാണ് കുത്തിവയ്പ്പ് നൽകിയത്.