പ്രവാസം

സൗദിയിൽ കോവിഡിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് വ്യാപനശേഷി കൂടിയ XXB

സൗദി അറേബ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി (XXB) വകഭേദമാണ് കണ്ടെത്തിയത്.

അതേസമയം കൊവിഡിന്റെ മറ്റ് വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ഇവയിൽ ഒമിക്രോണ്‍ ബി.എ5, ബി.എ2 എന്നിവയാണ് ഭൂരിഭാഗവും. കൂടാതെ എക്‌സ്.ബി.ബിയും ചിലരിൽ കാണപ്പെടുന്നുണ്ട്. ഇതിനുപുറമെ എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ശ്വാസകോശ രോഗങ്ങളും രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ശൈത്യകാലത്തിന്റെ വരവോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണൽ ഇൻഫ്ലുവൻസയും പലരിലും കാണപ്പെട്ടേക്കാം. കൂടാതെ ‘കോവിഡ് 19’ സജീവമാണെന്നും പ്രതിരോധശേഷി അനുസരിച്ച് വൈറസിന്റെ തീവ്രത ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുമെന്നും അതോറിറ്റി വിശദീകരിച്ചു. വരുംകാലത്ത് എല്ലാവർക്കും, പ്രത്യേകിച്ച് വാക്സീൻ സ്വീകരിക്കാത്തവരിലും രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലുള്ളവരിലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.