തിരുവനന്തപുരം:-സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യബോർഡുകൾ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയ സമയപരിധി ബുധനാഴ്‌ച അവസാനിക്കും. പോസ്റ്ററുകൾ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയെല്ലാം നീക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ നടപ്പാതകളിലും കൈവരികളിലും ട്രാഫിക് ഐലന്റുകളിലും റോഡുകളുടെ മധ്യഭാഗത്തുള്ള മീഡിയനുകളിലും വ്യക്തികളുടെയും പൊതു പ്രവർത്തകരുടെയും പേരുകൾ, ചിത്രങ്ങൾ, വ്യക്തിത്വം, പ്രസ്ഥാനം എന്നിവ വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല.
സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മതസ്ഥാപനങ്ങളുടെയോ, മറ്റു സ്ഥാപനങ്ങളുടെയോ ബോർഡുകളും അരുത്. നിലവിൽ സ്ഥാപിച്ചിട്ടുള്ളവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ നിർദേശിച്ചിരുന്നു. ബോർഡുകൾ നീക്കാത്തപക്ഷം സെക്രട്ടറിമാരിൽ നിന്നും ഒന്നിന് 5000- രൂപ നിരക്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും സർക്കുലറിൽ ഉണ്ട്.