തിരുവനന്തപുരം ,സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാൽ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ ഓഫീസർ പബ്ലിക് ഹെൽത്ത് ഓഫീസറായതിനാൽ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.
ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ആരോഗ്യ ജാഗ്രത കലണ്ടർ അനുസരിച്ചുള്ള ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ മന്ത്രി നിർദേശം നൽകി. ഇടവിട്ടുള്ള മഴ, അമിതമായ ചൂട്, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പലതരം പകർച്ചവ്യാധികളുണ്ടാകാൻ സാധ്യതയുണ്ട്. അതനുസരിച്ചുള്ള ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി ചെറുതായി വർധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾ വളരെയധികം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ നിർദേശം നൽകി. വീടിനും സ്ഥാപനങ്ങൾക്കും അകത്തും പുറത്തും വെള്ളം കെട്ടി നിർത്താനുള്ള സാഹചര്യം ഒഴിവാക്കണം. ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാണ്.