തിരുവനന്തപുരം:*സംസ്ഥാനത്തെ പല സ്കൂളുകളിലും വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുകയും ഇതുവഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.
ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും തുടർന്ന് അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ അറിയിച്ചു.
സ്കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസഡയറക്ടറോ സർക്കാരോ നിർദ്ദേശിക്കാത്ത ഒരു പ്രോഗ്രാമും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ സർക്കാരിൻ്റയോ മുൻകൂർ അനുമതി ഇല്ലാതെ സ്കൂളുകളിൽ നടത്താൻ അനുവദിക്കരുതെന്നും യാതൊരു കാരണവശാലും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്നും ഡിജിഇ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.