കേരളം

വീട് പൂട്ടി പോകുമ്പോൾ മറക്കരുതേ പോൽ ആപ്പ്; ഓർമിപ്പിച്ച് കേരളാ പൊലീസ്

വീട് പൂട്ടി യാത്രപോകുന്നവർ ശ്രദ്ധിക്കുക. അക്കാര്യം പൊലീസിനെ അറിയിക്കാൻ മറക്കരുതേ എന്ന് ഓർമപ്പെടുത്തുന്നു കേരളാ പൊലീസ്. നിങ്ങൾ ദീർഘ ​ദൂര യാത്ര പോകുമ്പോൾ പോൽ ആപ്പിന്റെ സൗകര്യം ഉപയോ​ഗിച്ച് ഇക്കാര്യം പൊലീസിനെ അറിയിക്കണം എന്നും കേരളാ പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ ഒഫിഷ്യൽ പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം കേരളാ പൊലീസ് അറിയിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.