പ്രവാസം

പുതിയ ക്രൂയിസ് സീസണില്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായി

2022-23ല്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദുബായി ക്രൂയിസ് ഹബ്ബ്. 2022-2023 സീസണുവേണ്ടി മിന റാഷിദിനും ദുബായ് ഹാര്‍ബറിനുമിടയില്‍ 166 കപ്പലുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 9ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

ദുബായിയിലെ വിനോദസഞ്ചാര മേഖലയുടെ അവിഭാജ്യ ഘടകമാണ് ക്രൂയിസ് വ്യവസായം. ആഗോള ടൂറിസം ഹബ് എന്ന നിലയില്‍ എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണിതെന്ന് ദുബായി ബോര്‍ഡര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ദുബായുടെ കരുത്തുറ്റ തുറമുഖ ഘടനയും അത്യാധുനിക ടെര്‍മിനല്‍ സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകള്‍ക്ക് ശക്തിപകരും. അന്താരാഷ്ട്ര ടൂറിസത്തിലെ തിരിച്ചുവരവിന്റെ മുന്‍നിരയിലാണ് ദുബായി. നഗരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നതാണ് ക്രൂയിസ് വ്യവസായം.