കേരളം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അലങ്കാല വെളിച്ചങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞു.പൊതുജനങ്ങളുടെ സഹായത്തോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. വീടുകളിലെ എസി 26 ഡിഗ്രിയായി ക്രമീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ പത്ത് മണിക്ക് ശേഷം വന്‍കിട വ്യവസായ സ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാത്ത രീതിയില്‍ പമ്പിങ് ക്രമീകരിക്കാന്‍ വാട്ടര്‍ അതോറിട്ടിക്കും കെഎസ്ഇബി നിര്‍ദേശം നല്‍കി.

മാത്രമല്ല, ഫീല്‍ഡുകളിലെ സ്ഥിതിഗതികള്‍ അതാത് ചീഫ് എന്‍ജിനീയറുമാര്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയുമോ എന്ന് രണ്ട് ദിവസം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കെഎസ്ഇബി അറിയിച്ചു.