കോട്ടയം

മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം ഏകകണ്ഠമായി  പാസാക്കി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ. വി .ഉമ്മൻ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ റിപ്പോർട്ട് കേരള മന്ത്രിസഭായോഗം അംഗീകരിക്കുകയും മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര എന്നീ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ നിന്ന് മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര എന്നീ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതുമാണ്. എന്നാൽ കേന്ദ്രമന്ത്രാലയം ജൂൺ 31 പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ ഈ വില്ലേജുകളും ഉൾപ്പെടുത്തിയതായി കാണുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും നിരവധി സ്കൂളുകളും ഹോസ്പിറ്റലുകളും വാണിജ്യ വ്യവസായ കേന്ദ്രങ്ങളും ഉൾപ്പെടുന്നതുമായ ഈ വില്ലേജുകളിൽ വന പ്രദേശം ഇല്ലാത്തതുമാണ്.എംഎൽഎമാർ എംപിമാർ എന്നിവരുടെ സഹായത്തോടുകൂടി കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ഗവൺമെന്റിനും നിവേദനം നൽകുവാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിജു സോമൻ,ജോർജ് മാത്യു, കെ സി ജെയിംസ്, ചാർലി ഐസക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജിത് കുമാർ, മേഴ്സി മാത്യു,ഓമന ഗോപാലൻ എന്നിവർ പ്രസംഗിച്ചു. മേലുകാവ് ഡിവിഷൻ മെമ്പർ ജെറ്റോ ജോസ് പ്രമേയം അവതരിപ്പിക്കുകയും ജോസഫ് ജോർജ് പിന്താങ്ങുകയും ചെയ്തു.