പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം മുസ്‌ലീം ഗേൾസിൽ .

ഈരാറ്റുപേട്ട: ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 6, 7, 8, 9 തീയ്യതികളിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ഉപജില്ലയിലെ എൽ.പി മുതൽ ഹയർ സെക്കന്ററി വരെയുള്ള എഴുപതോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തിലേറെ കുട്ടികൾ അവരുടെ കലാ-സാഹിത്യ മികവുകൾ അവതരിപ്പിക്കും. ആദ്യ ദിവസം സാഹിത്യരചനാ മത്സരങ്ങളും അടുത്ത മൂന്ന് ദിവസങ്ങളിൽ 8 വേദികളിലായി സ്‌റ്റേജ് തല മത്സരങ്ങളും നടക്കും. ഇമ്പം2023 എന്ന് പേരിട്ടിരിക്കുന്ന ഈ കലാ മാമാങ്കത്തിലെ വിവിധ വേദികൾക്ക് കസവ് , മിഴിവ്, നിലാവ്, നിനവ്, കനവ്, നിറവ് , പൊലി വ് , മികവ് എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്.

ഇന്നലെ കൂടിയ ഒരുക്കങ്ങൾ വിലയിരുത്തൽ യോഗത്തിൽ കലോത്സവ ലോഗോ പ്രകാശനം നടന്നു. ഒന്നാം ദിവസം രാവിലെ 9 മണിക്ക് ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ഷം ലാബീവി പതാക ഉയർത്തുന്നതോടെ രചനാ മത്സരങ്ങൾ ആരംഭിക്കും.
രണ്ടാം ദിവസം രാവിലെ 9.30 ന് പ്രധാന വേദിയിൽ പൂഞ്ഞാർ എം.എൽ എ അഡ്വ.സെബാസ്‌റ്റ്യൻ കുളത്തുങ്കൽ കലോത്സവത്തിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിക്കും. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അധ്യക്ഷതവഹിക്കും. ജനറൽ കൺവീനർലീന എം.പി സ്വാഗതവും റിസപ്ഷൻ കമ്മി റ്റി കൺവീനർ ആർ. ധർമ്മ കീർത്തി നന്ദിയും പറയും. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ജനപ്രതിനിധികൾ ആശംസകളർപ്പിക്കും.

വ്യാഴാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർ പേഴ്സൺ സുഹുറാഅബ്ദുൽ ഖാദർ ഉൽഘാടനം ചെയ്യും. എം.കെ ഫരീദ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. ആർ സമ്മാനദാനം നിർവ്വഹിക്കും. ജനപ്രതിനിധികൾ പി.ടി.എ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും. എ.ഇ. ഒ ഷം ലാബീവി സ്വാഗതവും, പ്രോഗ്രാം കമ്മി റ്റി കൺവീനർ പ്രിൻസ് അലക്സ് നന്ദിയും പറയും..
സർഗ്ഗ വൈഭവങ്ങളുടെ വസന്തമായ ഉപജില്ലാ കലോത്സവത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവുമുണ്ടാകണമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംലാബീവി, ജനറൽ കൺവീനർ ലീന എം.പി., ജോയിന്റ് കൺവീനർ ഫൗസിയാ ബീവി പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിൻസ് അലക്സ് , പബ്ളിസിറ്റി കമ്മിറ്റി കൺവീനർ അഷ്റഫ് പി.എസ്, നഗരസഭാ വിദ്യാഭ്യാസ കമ്മി റ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി.എം.അബ്ദുൽ ഖാദർ എന്നിവർ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.